പരവൂര്‍: രാജ്യത്തെ വിവിധ ആരോഗ്യപദ്ധതികളെയും വിവരശേഖരണ സംവിധാനങ്ങളെയും ഡിജിറ്റലായി കൂട്ടിയിണക്കുന്ന ഏകീകൃത പ്ലാറ്റ്ഫോം ‘സ്വസ്ത് ഭാരത് പോര്‍ട്ടല്‍’ സര്‍ക്കാര്‍ പുറത്തിറക്കി.
രാജ്യത്തെ പൊതുജനാരോഗ്യരംഗത്തെ ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ പുതിയ നീക്കം. നിലവില്‍ വിഘടിച്ചുനില്ക്കുന്ന ആരോഗ്യപദ്ധതികളെ ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്റെ (എബിഡിഎം) കീഴില്‍ ഏകോപിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
മാതൃ-ശിശു സംരക്ഷണം മുതല്‍ രോഗനിരീക്ഷണം വരെയുള്ള വിവിധ ദേശീയ ആരോഗ്യ പരിപാടികള്‍ക്കായി നിലവില്‍ വ്യത്യസ്ത പോര്‍ട്ടലുകളാണ് ഉപയോഗിക്കുന്നത്.
ഇതുമൂലം മുന്‍നിര ആരോഗ്യപ്രവര്‍ത്തകര്‍ ഒരേ വിവരങ്ങള്‍ പലയിടങ്ങളില്‍ രേഖപ്പെടുത്തേണ്ടിവരുന്നുണ്ട്. ഇതിനു പരിഹാരമായാണ് സ്വസ്ത് ഭാരത് പോര്‍ട്ടല്‍ വരുന്നത്. ആപ്ലിക്കേഷന്‍ പ്രോഗ്രാമിംഗ് ഇന്റര്‍ഫേസുകള്‍ (എപിഐ) വഴി വിവിധ ആരോഗ്യ ഡാറ്റാബേസുകളെ പരസ്പരം ബന്ധിപ്പിക്കാന്‍ ഇതിലൂടെ സാധിക്കും.
നേട്ടങ്ങള്‍ ഒറ്റനോട്ടത്തില്‍
- എല്ലാ ആരോഗ്യപദ്ധതികള്‍ക്കും ഒരൊറ്റ പ്ലാറ്റ്ഫോം.
- വിവരങ്ങള്‍ ആവര്‍ത്തിച്ചു രേഖപ്പെടുത്തേണ്ടിവരുന്നത് 20-40 ശതമാനം വരെ കുറയ്ക്കാന്‍ സാധിക്കും.
- തത്സമയ ഡാറ്റ ലഭ്യമാകുന്നതോടെ രോഗപ്രവണതകള്‍ ട്രാക്ക് ചെയ്യാനും അടിയന്തര ഘട്ടങ്ങളില്‍ വേഗത്തില്‍ നടപടി സ്വീകരിക്കാനും സാധിക്കും.
- ആരോഗ്യപ്രവര്‍ത്തകരുടെ ജോലിഭാരം 20-30 ശതമാനം വരെ കുറയുന്നതോടെ രോഗീ പരിചരണത്തിന് കൂടുതല്‍ സമയം ലഭിക്കും.
ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് അക്കൗണ്ടുകള്‍ (എബിഎച്ച്എ) ഈ പോര്‍ട്ടലുമായി പൂര്‍ണമായും സംയോജിപ്പിച്ചിരിക്കുന്നു. ഇതിലൂടെ രോഗികള്‍ക്ക് അവരുടെ മെഡിക്കല്‍ റെക്കോര്‍ഡുകള്‍ ഡിജിറ്റലായി സൂക്ഷിക്കാനും ഡോക്ടര്‍മാരുമായി സുരക്ഷിതമായി പങ്കുവയ്ക്കാനും കഴിയും. രോഗിയുടെ സ്വകാര്യത ഉറപ്പാക്കി സമ്മതത്തോടെ മാത്രമേ വിവരങ്ങള്‍ കൈമാറാന്‍ സാധിക്കൂ.
ഡിജിറ്റല്‍ ആരോഗ്യവ്യവസ്ഥയിലേക്കുള്ള രാജ്യത്തിന്റെ യാത്രയിലെ സുപ്രധാന നാഴികക്കല്ലായാണു സ്വസ്ത് ഭാരത് പോര്‍ട്ടലിനെ വിദഗ്ധര്‍ കാണുന്നത്. ഇതു സാധാരണക്കാര്‍ക്ക് കുറഞ്ഞ പേപ്പര്‍ വര്‍ക്കുകളിലൂടെ മികച്ച ആരോഗ്യസേവനം ഉറപ്പാക്കാന്‍ സഹായിക്കുമെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചു.